Flash News


ജി എൽ പി എസ് കമ്പാർ മികവിലേക്ക് ....... .

Wednesday, 24 September 2014

മംഗള്‍യാന്‍ ചൊവ്വയില്‍

ഇന്ത്യയുടെ ആദ്യ ഗോളാന്തരദൗത്യം വിജയിച്ചു. മംഗള്‍യാന്‍ പേടകം ബുധനാഴ്ച രാവിലെ ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തി. 22 കോടി കിലോമീറ്റര്‍ അകലെ ചൊവ്വായ്ക്കരികില്‍നിന്ന് പേടകം 'മംഗളസൂചകമായി' സന്ദേശമയച്ചു.

'ഇന്ത്യ വിജയകരമായി ചൊവ്വയിലെത്തിയിരിക്കുന്നു', ബാംഗ്ലൂരില്‍ മംഗള്‍യാന്റെ പഥപ്രവേശനവേളയില്‍ സന്നിഹിതനായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഈ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ച ശാസ്ത്രജ്ഞരെയും മറ്റുള്ളവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഇതോടെ, പ്രഥമ ചൊവ്വാദൗത്യം വിജയിപ്പിച്ച ആദ്യരാജ്യമെന്ന നിലയ്ക്കും, ചൊവ്വയില്‍ പേടകമെത്തിച്ച ആദ്യ ഏഷ്യന്‍രാജ്യമെന്ന നിലയ്ക്കും ചരിത്രത്തില്‍ ഇടംനേടുകയാണ് ഇന്ത്യ. ചൊവ്വയില്‍ വിജയകരമായി എത്തുന്ന നാലാമത്തെ ശക്തിയായി ഇന്ത്യ ഈ വിജയത്തോടെ മാറി.

ഇതുവരെയും ഒരു രാജ്യത്തിനും തങ്ങളുടെ ആദ്യ ചൊവ്വാദൗത്യം വിജയിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. 'ചൊവ്വാദോഷം' മാറ്റിയിരിക്കുകയാണ് 'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' ( Mars Orbiter Mission - MOM ) എന്ന മംഗള്‍യാന്‍.

2013
നവംബര്‍ 5 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് പിഎസ്എല്‍വി - സി25 റോക്കറ്റില്‍ വിക്ഷേപിച്ച മംഗള്‍യാന്‍ പേടകം, പത്തു മാസവും 19 ദിവസവും സ്‌പേസിലൂടെ യാത്രചെയ്താണ് ഇപ്പോള്‍ ചൊവ്വയിലെത്തിയിരിക്കുന്നത്.

ദൗത്യത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടമായിരുന്നു സൗരഭ്രമണപഥത്തില്‍നിന്ന് പേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുക എന്നത്. അതിനുള്ള വന്‍ തയ്യാറെടുപ്പിലായിരുന്നു ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ( ISRO ) യിലെ ശാസ്ത്രജ്ഞര്‍.

ചൊവ്വായുടെ ഭ്രമണപഥത്തിലെത്തിക്കാന്‍ പേടകത്തിന്റെ വേഗം സെക്കന്‍ഡില്‍ 22.1 കിലോമീറ്ററില്‍നിന്ന് 1.1 കിലോമീറ്ററിലേക്ക് കുറയ്‌ക്കേണ്ടിയിരുന്നു. ആ സുപ്രധാന കടമ്പയാണ് രാവിലെ മറികടന്നത്. പേടകത്തെ ദിശതിരിച്ച് റിവേഴ്‌സ് ഗിയറിലിട്ട് വേഗംകുറച്ച് നിശ്ചിത ഭ്രമണപഥത്തിലേക്ക് എത്തിക്കാന്‍ സാധിച്ചതായി ഐ.എസ്.ആര്‍..അധികൃതര്‍ അറിയിച്ചു.

'
ലാം' തുണച്ചു
മംഗള്‍യാന്‍ പേടകത്തിലെ 'ലിക്വിഡ് അപ്പോജി മോട്ടോര്‍' എന്ന 'ലാം യന്ത്ര'ത്തെ 24 മിനിറ്റ് നേരം ജ്വലിപ്പിച്ചാണ് ചൊവ്വായുടെ ഭ്രമണപഥത്തില്‍ അതിനെ എത്തിക്കാന്‍ സാധിച്ചത്.

നിശ്ചയിച്ചിരുന്നതുപോലെ പുലര്‍ച്ചെ 4.17ന് പേടകത്തിലെ ഇടത്തരം ആന്റിന സന്ദേശക്കൈമാറ്റത്തിന് തയ്യാറായിക്കഴിഞ്ഞിരുന്നു. 6.56 നുശേഷം പേടകം തനിയെ പുറംതിരിഞ്ഞു. 7.12 നുശേഷം പേടകം ചൊവ്വയുടെ നിഴലിലായി. സൂര്യനും ചൊവ്വയും പേടകവും ഒരേ നിരയിലായതാണ് കാരണം.

7.17 മുതല്‍ 7.41 വരെ പേടകത്തിലെ 'ലാം യന്ത്ര'വും എട്ട് ചെറിയ യന്ത്രങ്ങളും ജ്വലിച്ചു. പുറംതിരിഞ്ഞശേഷം നടന്ന ഈ റിവേഴ്‌സ് ജ്വലനത്തിന്റെ ഫലമായി പേടകത്തിന്റെ വേഗം 22 കിലോമീറ്ററില്‍നിന്ന് 1.1 കിലോമീറ്ററായി കുറഞ്ഞു. അതോടെ പേടകം ചൊവ്വയുടെ ആകര്‍ഷണത്തില്‍ കുരുങ്ങി, അതിനെ വലംവെച്ചുതുടങ്ങി.

No comments:

Post a Comment